MY BLOG

Photobucket

Sunday, September 5, 2010

മനസ്സില്ല വെറുക്കാന്‍

മനസ്സില്ല വെറുക്കാന്‍
അഡ്വ. കെ. രാംകുമാര്‍
Monday, August 16, 2010
ഇപ്പോള്‍ മലപ്പുറം ജില്ലയിലുള്ള പൊന്നാനിയിലെ പുരാതനമായ ഒരു ജന്മി കുടുംബത്തിലെ അംഗമായാണ് ഞാന്‍ ജനിച്ചത്. തറവാട്ടിലെ നാളികേരവും നെല്ലുമൊക്കെ സംഭരിച്ചിരുന്നത് കര്‍ഷകത്തൊഴിലാളികളുടെ അധ്വാനഫലമായായിരുന്നു. അവരില്‍ പലരും മുസ്‌ലിംകളായിരുന്നു. വാഹനസൗകര്യങ്ങളില്ലാതിരുന്ന ആ കാലത്ത് തലയില്‍ തേങ്ങയേറ്റി കൊണ്ടുവന്നിരുന്ന മുഹമ്മദ്, പാടത്തെ സ്ഥിരംപണിക്കാരിയായിരുന്ന പാത്തുമ്മ തുടങ്ങിയവര്‍ കുട്ടിക്കാലത്ത് ഞങ്ങളില്‍ പലര്‍ക്കും കൂട്ടുകാര്‍ കൂടിയായിരുന്നു. നാടന്‍തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കുകയും നാട്ടുവിശേഷങ്ങള്‍ പറഞ്ഞുതരുകയും ചെയ്തിരുന്ന സാധാരണക്കാരായ, നിര്‍ദോഷികളായ നാട്ടിന്‍പുറത്തുകാര്‍. അവരുടെ ജീവിതം ദുഃസഹമായിരുന്നുവെന്ന് അന്ന് അറിഞ്ഞിരുന്നില്ല. അന്നത്തെ സാമൂഹികക്രമമനുസരിച്ച് കാരണവന്മാര്‍ കനിയുമായിരുന്നുമില്ല.

അവരുടെ വിയര്‍പ്പിന്റെ ഫലമായിരുന്നു ഞങ്ങളുടെ തേങ്ങാക്കൂമ്പാരവും നിറഞ്ഞ പത്തായവും. നിശ്ശബ്ദരായി സന്മനസ്സോടെ, സന്തോഷത്തോടെ, ഞങ്ങളെയൊക്കെ സുഖജീവിതം നയിക്കാന്‍ അവര്‍ അധ്വാനിച്ചു സഹായിച്ചു. ഒരിക്കലും മതത്തിന്റെ അതിര്‍വരമ്പുകള്‍ ഞങ്ങളുടെ ബന്ധങ്ങളെ ബാധിച്ചിരുന്നില്ല. ഒരുവിധത്തിലും അവര്‍ ഞങ്ങള്‍ക്ക് അന്യരായിരുന്നില്ല, അത്രമാത്രം അവര്‍ ഞങ്ങളെയും കുടുംബങ്ങളെയും സ്‌നേഹിച്ചു, സേവിച്ചു.

ഇത് ഞങ്ങളുടെ മാത്രം കഥയല്ല. മധ്യമലബാറിലെ ജീവിതത്തില്‍ ഈ ഇടപെടലുകള്‍ സാധാരണമായിരുന്നു. അതില്‍ മതത്തിന് പ്രസക്തിയേ ഉണ്ടായിരുന്നില്ല. ജന്മിയും അടിയാന്മാരും ആയിരുന്നെങ്കിലും ഒരിക്കലും മതമോ ജാതിയോ പരസ്‌പരവിശ്വാസത്തിനോ സ്‌നേഹബന്ധങ്ങള്‍ക്കോ തടസ്സമായിരുന്നില്ല. ഞങ്ങളുടെ അടുത്തുള്ള വീട്ടുകാരനായിരുന്ന ഉറൂബിന്റെ കാര്യസ്ഥകഥാപാത്രങ്ങള്‍ വെറും ഭാവനാസൃഷ്ടികള്‍ മാത്രമായിരുന്നില്ല.

എന്നാല്‍, ഇന്നോ? ദുഃഖമുണ്ട് പറയാന്‍. പാത്തുമ്മമാരും മുഹമ്മദുമാരും ഞങ്ങളെ സംശയത്തോടെ നോക്കുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ അവരെ അങ്ങനെ വീക്ഷിക്കുന്നുവെന്ന് അവര്‍ സംശയിക്കുന്നു. അവരുടെ പിന്തുടര്‍ച്ചക്കാര്‍ ഞങ്ങളുടെ ആശ്രിതരല്ല. അവരൊക്കെ എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ആയിരുന്നിരിക്കണം. സമൂഹത്തില്‍ ഉഴവുമാടുകളെപ്പോലെ ജീവിച്ചിരുന്ന അവര്‍ ഇന്ന് തലയെടുപ്പോടെ പ്രവര്‍ത്തനനിരതരായിരിക്കുന്നു.

ഇന്ന് അവര്‍ക്കിടയില്‍ പ്രശസ്തരായ പ്രഫസര്‍മാരും വിവര സാങ്കേതിക വിദഗ്ധരുമുണ്ട്. തലയില്‍ തട്ടമിട്ട മിടുക്കികുട്ടികള്‍ ഐ.ടി മേഖലകളുള്ള നഗരങ്ങളിലും ജീവിതത്തിന്റെ നാനാതുറകളിലും പ്രവര്‍ത്തിക്കുന്നു. ആത്മവിശ്വാസത്തോടെ, അപകര്‍ഷ ബോധം അല്‍പംപോലുമില്ലാതെ- അത് കാണുന്നതുതന്നെ എന്തൊരു കൗതുകകരമായ കാഴ്ചയാണ്! അവരെയൊക്കെ അകറ്റിനിര്‍ത്താന്‍ പറഞ്ഞാല്‍ എങ്ങനെ സാധിക്കും? അവരോടൊപ്പം പകല്‍മുഴുവന്‍ ഭക്ഷണം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുന്ന ഹിന്ദുസഹോദരന്മാരുണ്ട്, മധ്യമലബാറില്‍ ഇപ്പോഴും. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉദാത്തമാതൃകകളായ ഇത്തരം ജീവിതശൈലി ഉപേക്ഷിച്ച് വെറുപ്പിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ പറയുന്നത് കഷ്ടമാണ്.മുസ്‌ലിംമനസ്സുകള്‍ ലോലമാണ്. വളരെ വേഗം വികാരാധീനമാകുന്നവയായിരിക്കാം. പക്ഷേ, അടിസ്ഥാനപരമായി അച്ചടക്കം പാലിക്കുന്ന, ദൈവവിശ്വാസം പുലര്‍ത്തുന്ന ഒരു ജീവിതരീതിയാണ് മിക്ക മുസ്‌ലിംകളും കൈക്കൊണ്ടുവരുന്നത്. അതിഥിസല്‍ക്കാരത്തില്‍ അവര്‍ അഗ്രഗണ്യരാണ്. അന്യരെ സഹായിക്കുന്നതില്‍ ആനന്ദം കണ്ടെടുത്തവരാണ് അവര്‍. എല്ലാ കടങ്ങളും കടപ്പാടുകളും ഒതുക്കിത്തീര്‍ത്തശേഷം മാത്രമാണ് പരിശുദ്ധ ഹജ്ജ് കര്‍മത്തിന് യാത്രതിരിക്കുന്നത്. ഇത്രയും നന്മ നിറഞ്ഞവരില്‍ ചിലര്‍ മാത്രം നിര്‍ഭാഗ്യവശാല്‍ വഴിതെറ്റിപ്പോയി എന്നു ധരിച്ച് അവരെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ശരിയാണോ?

കൈവെട്ട് സംഭവം പൊക്കിപ്പിടിച്ച് ഒരു സമുദായത്തെ മുഴുവന്‍ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവര്‍ പട്ടാപ്പകല്‍ പിഞ്ചുവിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ അറുത്തുമുറിച്ച് രക്ഷപ്പെട്ടവരുടെ കാര്യം വിസ്മരിക്കരുത്. നല്ലതും ചീത്തയും എല്ലാ വിഭാഗത്തില്‍പെട്ടവരിലുമുണ്ട്. ഇത്തരം വ്യതിചലനങ്ങളെ സമചിത്തതയോടുകൂടി സമീപിച്ച് അതൊരു രോഗലക്ഷണമാണെന്നും ചികില്‍സിക്കേണ്ടത് രോഗത്തിനെയാണെന്നും മനസ്സിലാക്കണം.

ആ പഴയ സ്‌നേഹബന്ധങ്ങള്‍ ഇനിയും തുടരുമോ? നാട്ടിന്‍പുറങ്ങളില്‍ ഒരു കല്യാണമോ മരണമോ ഉണ്ടായാല്‍ ജാതിമത ഭേദമെന്യേ എല്ലാ ഏര്‍പ്പാടുകള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കാന്‍ അവിടത്തെ മുസ്‌ലിംകള്‍ എന്നുമുണ്ടായിരുന്നു. എന്തിന്? അമ്പലങ്ങളില്‍ ഉല്‍സവമുണ്ടായാല്‍ പണസംഭരണം മുതല്‍ പടക്കംപൊട്ടിക്കല്‍ വരെ അവരാണ് ഏറ്റെടുക്കുന്നത്. ശരിക്കും സങ്കടമുണ്ട് രേഖപ്പെടുത്താന്‍; ആ നല്ലകാലം ഇനി എന്നെങ്കിലും തിരിച്ചുവരുമോ?

ഇപ്പോഴത്തെ പോക്കുകണ്ടാല്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. മുംബൈ നഗരത്തില്‍ മുസ്‌ലിംകള്‍ക്ക് വീട് വാടകക്ക് കൊടുക്കാന്‍ പലരും മടിക്കുന്നുവെന്നു പരാതിയുണ്ട്. അമര്‍നാഥ് യാത്രക്ക് ഒരുക്കങ്ങള്‍ ചെയ്തുകൊടുക്കാന്‍ പാരമ്പര്യാവകാശം ഉള്ളവരാണ് മുസ്‌ലിംകള്‍. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉല്‍സവവേളയില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേകപങ്ക് വഹിക്കാനുണ്ട്. ശബരിമലയില്‍ വാവരുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടല്ലോ. എരുമേലിയില്‍ പള്ളിയിലാണ് അയ്യപ്പഭക്തര്‍ ആനന്ദത്തോടെയും ആവേശത്തോടെയും പേട്ടതുള്ളുന്നത്. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകങ്ങളായ ഇത്തരം ചടങ്ങുകള്‍ മറക്കാന്‍ പറഞ്ഞാല്‍ അത്ര എളുപ്പമാണോ?

പ്രിയപ്പെട്ടവരെ, എന്തിനാണ് നാം അന്യോന്യം വെറുക്കുന്നത്, സംശയിക്കുന്നത്? അതുകൊണ്ട് എന്തു നേടാനാ? നമുക്ക് പൊതുവായി പട്ടിണിയുണ്ട്, രോഗങ്ങളുണ്ട്, ദാരിദ്ര്യമുണ്ട്, അജ്ഞതയുണ്ട്, അന്ധവിശ്വാസങ്ങളുണ്ട്, അനാചാരങ്ങളുണ്ട്, അനീതികളുണ്ട്, അവയെ നാം ഒരുമിച്ചുനിന്ന് നേരിടുകയല്ലേ ബുദ്ധി? നാം തമ്മിലുള്ള വ്യത്യാസങ്ങള്‍ നേരിയവയാണ്. ഒരുപക്ഷേ, ആരാധനാരീതികളിലും അതുപോലെ മറ്റുചില ചെറിയ കാര്യങ്ങളിലും. പക്ഷേ, നാം തമ്മിലുള്ള സമാനതയുടെ മേഖലകള്‍ അതിലും എത്രയോ വിപുലവും വലുതുമല്ലേ?

അയ്യായിരം കൊല്ലത്തിലധികം ചരിത്രവും പാരമ്പര്യവുമുള്ള രാജ്യത്താണ് നാം ജനിച്ചത്. ഇന്ന് ആ രാജ്യം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കുതിപ്പിലാണ്. ഇവിടേക്ക് ലോകത്തെമ്പാടുമുള്ള വിശ്വാസങ്ങള്‍ വിരുന്നുകാരെപ്പോലെ കടന്നുവന്നു. അവയെ ആട്ടിയോടിക്കുന്നതിനു പകരം ഉള്‍ക്കൊള്ളാനാണ് നാം ശ്രമിച്ചത്. ഇപ്പോള്‍ ശ്രമിക്കുന്നതും മേലാല്‍ ശ്രമിക്കേണ്ടതും. ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പട്ടിണിയെയും പരാധീനതയെയും കീഴ്‌പ്പെടുത്തി നാം ലോകം മുഴുവന്‍ പരത്തുന്നു. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പാഴ്‌സിയും ഒരുപോലെ തുല്യതയോടുകൂടി ജീവിക്കുന്ന മഹാരാജ്യം വേറെയെവിടെയുണ്ട്, ലോകത്തില്‍? ഇത് നമ്മുടെ ജന്മഭൂമിയാണ്. ഇവിടെ ജനിക്കുന്ന ഓരോരുത്തരും നമ്മുടെ സഹോദരങ്ങളാണ്. നാം വിവിധ ഭാഷകള്‍ സംസാരിക്കും, വിവിധ ഭക്ഷണം കഴിക്കും, ഒരുപക്ഷേ, വിവിധ ജീവിതരീതികള്‍ കൈക്കൊള്ളും. പക്ഷേ, നാമെല്ലാം ഒന്നാണ്. എങ്ങനെ നമുക്ക് പരസ്‌പരം വെറുക്കാന്‍ സാധിക്കും?
വിങ്ങുന്ന ഹൃദയത്തോടെയും നിറയുന്ന കണ്ണുകളോടെയും വിനയപൂര്‍വം അഭ്യര്‍ഥിക്കട്ടെ, നമുക്ക് ആ നല്ല നാളുകളിലേക്ക് തിരിച്ചുപോയിക്കൂടേ?

( ഇതെനിക്കു മെയിലില്‍ കൂടി കിട്ടിയതാണു. ഇതിലുടെ ചോദിക്കപെടുന്ന ചോദ്യം അതെന്‍റെതും കൂടിയാണ്..ആയതിനാല്‍ ഇതീടെ പോസ്റ്റു ചെയ്യുന്നു.. നമ്മള്‍ ഓരൊരുത്തരും സ്വയം മാറാതെ, സ്വയമീ ചോദ്യത്തിനുത്തരം നല്‍കാതെ സമൂഹത്തിന്‍റെ നെറുകയിലേക്കു ഈ ചോദ്യം വലിച്ചെറിഞ്ഞിട്ട് കാര്യമൊന്നുമില്ല തന്നെ..എല്ലാമതവും വിശാസവും എല്ലാ തത്വസംഹിതകളും, ഏതു തരം ജീവിതരീതികളിലൂടെയും ആവശ്യപെടുന്നതു ഒരോ ആളും ഉത്തമ മനുഷ്യനാവാന്‍ മാത്രമാണ്..അതവാതെ ഏതെങ്കിലുമൊരു മതത്തിന്‍റെയോ കാഴ്ച്ചപാടിന്‍റെയോ കുപ്പായമിട്ടതുകൊണ്ടു എന്തു പ്രയോജനം..)